മാന്നാർ: പാവുക്കരയിലെ ഇരുളടഞ്ഞ നാട്ടുവഴിയിൽ ഇനി പ്രകാശപൂരിതം. നടവഴിയിൽ ബൾബിട്ടു നൽകണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് സോളാർ ലൈറ്റ് സ്ഥാപിച്ചാണ് പഞ്ചായത്തംഗം വാഗ്ദാനം പാലിച്ചത്. മാന്നാർ പഞ്ചായത്ത് പാവുക്കര രണ്ടാം വാർഡ് മെംബർ ലേഖനകുമാരിയാണ് വർഷങ്ങളായി ഇരുട്ടുനിറഞ്ഞ നടവഴിയിൽ പ്രകാശം നൽകിയത്.
രണ്ടാം വാർഡ് പാവുക്കര വള്ളുവേലിൽ ചാഴിയാരിൽ ഭാഗത്തെ മൂന്നു കുടുംബങ്ങളായിരുന്നു വഴിവിളക്കില്ലാതെ പ്രയാസമനുഭവിച്ചിരുന്നത്. പാടത്തിന്റെയും തോടിന്റെയും വശങ്ങളിലൂടെ ഇരുട്ടത്ത് വിഷജന്തുക്കളെ പേടിച്ചായിരുന്നു പ്രദേശത്തെ വീട്ടുകാർ രാത്രിയിൽ സഞ്ചരിച്ചിരുന്നത്. ഇവരുടെ വീടുകളിലേക്ക് വൈദ്യുതി വലിച്ച് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വഴിവിളക്കിനുള്ള സംവിധാനം നൽകിയിരുന്നില്ല.
വഴിവിളക്കിനായി ലൈൻ വലിക്കുന്നതിന് ഏറെ കടമ്പകൾ കടക്കണമെന്നതിനാൽ വർഷങ്ങളായി ഇരുട്ടിൽ സഞ്ചരിക്കുകയായിരുന്നു ഈ കുടുംബങ്ങൾ. തെരഞ്ഞെടുപ്പിൽ വിജയിച്ച് വന്നപ്പോൾ തന്നെ ലേഖനകുമാരി ഇവർക്ക് നൽകിയ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വൈദ്യുതി ലൈൻ വലിക്കാതെ തന്നെ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്പാം ടെക്നോളജി എന്ന ഐടി കമ്പനിയുമായി ബന്ധപ്പെട്ട് അവരുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു.
കമ്പനിയുടെ സിഎസ്ആർ എക്സിക്യൂട്ടീവ് അരവിന്ദ് സ്ഥലത്തെത്തി വേണ്ട നടപടികൾ കൈക്കൊള്ളുകയും സിഎസ്ആർ ഫണ്ടിൽനിന്നു 48,000 രൂപ നൽകി ഗ്രീൻ ഇന്ത്യ റിന്യൂവൽസ് സോളാർ കമ്പനി രണ്ട് സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ പാടവരമ്പിലെ ഇരുളടഞ്ഞ നടവഴിയിൽ പ്രകാശം പരന്നു. ഇനി ഇവരുടെ നടവഴി കൂടി പുനർനിർമാണം നടത്തി സുരക്ഷിതമാക്കണമെന്നാണ് വാർഡ് മെംബർ ലേഖനകുമാരിയുടെ ആഗ്രഹം.